Eedithu Nesbittu
ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തയായ ബാലസാഹിത്യകാരി. 1858 ആഗസ്ത് 19ന് ലണ്ടനില്‍ ജനിച്ചു. പിതാവ് ജോണ്‍ കോളിസ് നെസ്ബിറ്റ് ഒരു സ്കൂള്‍ മാസ്റ്ററായിരുന്നു. ഈഡിത്തിന് ആറു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. സാമ്പത്തികമായി പ്രയാസപ്പെട്ട അമ്മ മകളെയുംകൊണ്ട് ഫ്രാന്‍സിലേക്ക് പോയി. പത്തൊമ്പതാം വയസ്സില്‍ ഹ്യൂബര്‍ട്ട് ബ്ലാന്റ് എന്ന സ്വതന്ത്ര ചിന്തകനായ എഴുത്തുകാരനെ വിവാഹം കഴിച്ചു. ഈഡിത്തും ഹ്യൂബര്‍ട്ടും സോഷ്യലിസ്റ്റുകളായിരുന്നു. 1883ല്‍ അവര്‍ ചങ്ങാതിമാരുമൊത്ത് ചര്‍ച്ചാസംഘങ്ങള്‍ രൂപീകരിച്ചു. ഹാവ്ലോക് എല്ലിസും ഫ്രാങ്ക് പൊദ്മോറുമായി യോജിച്ചുണ്ടാക്കിയ ഫാബിയന്‍ സൊസൈറ്റി പുറത്തിറക്കിയ പ്രസിദ്ധീകരണത്തിന്റെ പത്രാധിപന്മാരായിരുന്നു ഈഡിത്ത് നെസ്ബിറ്റും ഭര്‍ത്താവും. 1885ല്‍ ഈഡിത്ത് നെസ്ബിറ്റും ഹ്യൂബര്‍ട്ട് ബ്ലാന്റും സോഷ്യല്‍ ഡെമോക്രാറ്റിക് ഫെഡറേഷനില്‍ ചേര്‍ന്നു. പിന്നീട് അഭിപ്രായവ്യത്യാസമുണ്ടായതിനാല്‍ അതില്‍നിന്നും വിട്ടു. 1880കളില്‍ സ്ഥിരമായി സോഷ്യലിസത്തെക്കുറിച്ച് പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. സാഹിത്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സമയം വേണ്ടത്ര ലഭിച്ചില്ല. പതിനേഴാം വയസ്സില്‍ ആദ്യകാല കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് കഥകളും നോവലുകളും എഴുതി. കുട്ടികള്‍ക്കുവേണ്ടി എഴുതുന്നതില്‍ അവര്‍ക്ക് താത്പര്യവും നൈപുണ്യവും ഏറെയായിരുന്നു. നിധി തേടുന്നവരുടെ കഥ, നല്ലവരാവാം, ഫീനിക്സും പരവതാനിയും, പുതിയ നിധി തേടുന്നവര്‍, മാന്ത്രികക്കൊട്ടാരം, റെയില്‍വേ കുട്ടികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. രാഷ്ടീയ കവിതകളുടെ ഒരു സമാഹാരം, സോഷ്യലിസത്തെക്കുറിച്ചുള്ള കവിതകള്‍ എന്നിവ ഉള്‍പ്പെടെ നാല്‍പ്പത്തിനാലു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ ഇന്നും നന്നായി വില്‍ക്കപ്പെടുന്നവയാണ് ഈഡിത്തിന്റെ കൃതികള്‍. കുട്ടികളെ വശീകരിക്കുന്ന രചനാരീതിക്ക് ഉടമയാണ് ഈഡിത്ത്. 1924 മെയ് നാലിന് അന്തരിച്ചു.
No products were found matching your selection.